ഈ നാട്ടില്‍ ഒന്നിച്ചു കഴിക്കാനും അവകാശമില്ലേ? കര്‍ണാടകയില്‍ സദാചാര ഗുണ്ടായിസം
Friday, May 26, 2023 1:33 PM IST
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബുധനാഴ്ച ചിക്കബെല്ലാപുരയിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം. ഇതര മതസ്ഥരായ സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.
ഹിന്ദു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടി തന്റെ സഹപാഠിയായ മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചതില്‍ പ്രകോപിതരായ ഒരുകൂട്ടം ആളുകള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. വ്യത്യസ്ത മതപശ്ചാത്തലത്തില്‍ നിന്നുള്ള ആളുമായി പൊതുസ്ഥലത്ത് കാണുന്നത് അനുചിതമാണെന്ന് പറഞ്ഞ് അക്രമികള്‍ പെണ്‍കുട്ടിയെ ശാസിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
വീഡിയോയില്‍ പെണ്‍കുട്ടി സംഘത്തെ തടയാന്‍ ശ്രമിക്കുന്നത് കാണാം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടകൾ അസഭ്യവർഷവും നടത്തുന്നുണ്ട്.
അക്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സംസ്ഥാനത്ത് സദാചാര പോലീസിംഗ് അവസാനിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം.