നാസി മുദ്ര പതിച്ച 58 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
Friday, May 26, 2023 6:35 PM IST
ലിമ: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പേര് ആലേഖനം ചെയ്തതും നാസി മുദ്ര പതിച്ചതുമായ കൊക്കെയ്ൻ ശേഖരം പെറുവിയൻ പോലീസ് പിടികൂടി. വടക്കൻ പെറുവിലെ പെയ്താ തുറമുഖത്ത് വച്ചാണ് ലഹരിമരുന്ന് പിടികൂടിയത്.
ഇക്വഡോറിൽ നിന്ന് സർവീസ് ആരംഭിച്ച ലിബിയൻ രജിസ്ട്രേഷനുള്ള എസ്സി ആനിഷ എന്ന കാർഗോ കപ്പലിൽ നിന്നാണ് 58 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒരു കിലോഗ്രാം വീതം ഭാരമുള്ള പാക്കറ്റുകളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
നാസി സ്വസ്തിക മുദ്ര കൊണ്ട് പൊതിഞ്ഞ നിലയിലാണ് പാക്കറ്റുകൾ കണ്ടെത്തിയത്. പാക്കറ്റിന്റെ ഉൾവശത്ത് ഹിറ്റ്ലർ എന്ന പേര് ആലേഖനം ചെയ്തിരുന്നു.
ബെൽജിയം ലക്ഷ്യമാക്കി സഞ്ചരിച്ചിരുന്ന കപ്പലാണ് പിടികൂടിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.