എംബസിക്ക് തൊട്ടരികിൽ വീട്; സുഡാനിൽ പട്ടിണി കിടന്ന് മരിച്ച് ബ്രിട്ടീഷ് പൗരന്റെ ഭാര്യ
Friday, May 26, 2023 8:27 PM IST
ഖാർത്തും: സുഡാനിലെ ബ്രിട്ടിഷ് എംബസിക്ക് തൊട്ടടുത്ത് താമസിക്കുന്ന ബ്രിട്ടിഷ് പൗരന്റെ ഭാര്യ സഹായമൊന്നും ലഭിക്കാതെ പട്ടിണി മൂലം മരിച്ചു. ഖാർത്തുമിൽ നിന്ന് ബ്രിട്ടണിലേക്ക് രക്ഷപ്പെടാനായി സഹായം അഭ്യർഥിച്ചിറങ്ങിയ ഭർത്താവ് വെടിയേറ്റ് വീണതോടെയാണ് 80-കാരിയായ ഭാര്യക്ക് ഈ ദുർവിധി സംഭവിച്ചത്.
ലണ്ടനിൽ ഹോട്ടൽ നടത്തുന്ന അബ്ദുള്ള ഷോൽഗാമി(85)യുടെ ഭാര്യ അലവേയ റിഷ്വാനാണ് മരിച്ചത്.
എംബസിക്ക് തൊട്ടടുത്ത് വസിക്കുന്ന ഷോൽഗാമി, തന്നെയും കുടുംബത്തെയും ബ്രിട്ടണിൽ എത്താനായി സഹായിക്കണമെന്ന് എംബസി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ യുദ്ധമേഖലയിൽ കൂടി 40 കിലോമീറ്റർ സഞ്ചരിച്ച് രക്ഷാപ്രവർത്തകരുടെ വിമാനത്തിൽ കയറാനാണ് അധികൃതർ നിർദേശിച്ചത്.
ദിവസങ്ങൾ കാത്തിരുന്ന ശേഷവും സഹായം ലഭിക്കാതെ വന്നതോടെ രക്ഷാപ്രവർത്തരുടെ അടുത്തേക്ക് ഷോൽഗാമി യാത്ര തിരിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഷോൽഗാമി തിരിച്ചെത്താതിരുന്നതോടെ ഭിന്നശേഷിക്കാരിയായ റിഷ്വാൻ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണപ്പെടുകയായിരുന്നു.
വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഷോൽഗാമിയെ ഡോക്ടറായ മകൻ അനസ്തേഷ്യ ഉപയോഗിക്കാതെ, പരിമിതമായ സാഹചര്യങ്ങളിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയിരുന്നു. ഷോൽഗാമി നിലവിൽ ഈജിപ്തിൽ ചികിത്സയിലാണ്.
സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനിടെ അറുന്നൂറിലധികം ആളുകളാണ് സുഡാനിൽ ഇതുവരെ മരിച്ചത്.