കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാനാണ് തമിഴ്നാട് വനംവകുപ്പിന്‍റെ തീരുമാനം.

ആനയെ മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങിയത്. ജനവാസമേഖലയിലൂടെ പാഞ്ഞോടിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു.

പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ജനങ്ങൾ ഒന്നും ചെയ്യരുത്, ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.