ബിജെപി ഇതര സർക്കാരുകളെ പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല: കെ.സി.ആർ
Saturday, May 27, 2023 7:01 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പിന്തുണയുമായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ബിജെപി ഇതര സർക്കാരുകളെ പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ചന്ദ്രശേഖർ റാവു കുറ്റപ്പെടുത്തി.
കേജരിവാളുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു കെ.സി.ആറിന്റെ വിമർശനം. ദേശീയ തലസ്ഥാനത്തെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ പിന്തുണതേടിയാണ് കേജരിവാൾ തെലുങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഡൽഹിയിൽ എഎപി വളരെ ജനപ്രീതിയുള്ള പാർട്ടിയാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഎപി വിജയിച്ചു. എന്നാൽ ബിജെപി തടസങ്ങൾ സൃഷ്ടിച്ചു, ഒടുവിൽ ഡൽഹി സർക്കാരിന് സുപ്രീം കോടതിയിൽ പോകേണ്ടിവന്നു. ഉദ്യോഗസ്ഥർ ഗവർണറുടെ നിർദേശപ്രകാരമല്ല ഡൽഹി സർക്കാരിന് കീഴിലാണ് പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമായ നിർദേശം നൽകി. സുപ്രീം കോടതി വിധിയെ മാനിക്കുന്നില്ലെങ്കിൽ, അടിയന്തരാവസ്ഥ കാലത്തെ ഓർക്കേണ്ടിവരും- അദ്ദേഹം കൂട്ടിച്ചേർത്തു.
ഓർഡിനൻസ് പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട കെസിആർ, തങ്ങൾ കേജരിവാളിനെ പിന്തുണയ്ക്കുന്നതായും പറഞ്ഞു.