ഇന്ത്യയുടെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുന്നു: പ്രധാനമന്ത്രി
വെബ് ഡെസ്ക്
Sunday, May 28, 2023 10:22 PM IST
ന്യൂഡൽഹി: ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണ്. ആധുനികതയും പാരമ്പര്യവും ചേരുന്നതാണ് പുതിയ പാർലമെന്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതം മുന്നോട്ട് കുതിച്ചാലേ ലോകം മുന്നോട്ട് കുതിക്കൂ. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് പുതിയ പാർലമെന്റ് മന്ദിരം. ഇന്ത്യയുടെ യാത്ര ലോകം ആദരവോടെ വീക്ഷിക്കുന്നു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകും. ചെങ്കോൽ പാർലമെന്റ് നടപടികൾക്ക് പ്രചോദനമാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകം തന്നെയാണ് ചെങ്കോൽ.
പഴയ മന്ദിരത്തിന് പരിമിതികൾ ഏറെയായിരുന്നു. വിദേശ ഭരണം നമ്മുടെ അഭിമാനത്തെ കവർന്നെടുത്തു. എന്നാൽ ഇന്ന് ഇന്ത്യ കൊളോണിയൽ മനഃസ്ഥിതിയെ ഉപേക്ഷിച്ചു. കഴിഞ്ഞ ഒമ്പതുവർഷക്കാലം സംതൃപ്തിയുടേതെന്നും മോദി വ്യക്തമാക്കി.
അതേസമയം, അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ രാവിലെ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഉച്ചയോടെ ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.