മണിപ്പൂരിൽ 40 പേരെ സുരക്ഷാസേന വെടിവച്ചു കൊന്നു; തീവ്രവാദികളെന്ന് മുഖ്യമന്ത്രി
Sunday, May 28, 2023 10:24 PM IST
ഇംഫാൽ: കലാപമുണ്ടാക്കാൻ ശ്രമിച്ച 40 ഭീകരരെ സുരക്ഷാസേന വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു.
സുരക്ഷാസേനയ്ക്ക് നേർക്കും പൊതുജനത്തിന് നേരെയും ആക്രമണം നടത്താനൊരുങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ വീടുകൾ തീവച്ച് നശിപ്പിക്കാനായി ഓട്ടോമാറ്റിക് തോക്കുകളുമായി എത്തിയവരെ സുരക്ഷാസേന വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സിംഗ് കൂട്ടിച്ചേർത്തു.
ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടിന് കുംബി, സെക്മെയ്, സുഗ്നു, ഫയേംഗ്, സെറൗ മേഖലകളിലെ ഗ്രാമങ്ങളിൽ കലാപകാരികൾ ആക്രമണം നടത്തിയെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു.
കുക്കി - മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷങ്ങൾക്കിടെ മണിപ്പൂരിൽ ഇതുവരെ എഴുപതോളം ആളുകൾ മരണപ്പെട്ടു.