സബലെങ്കയുമായി ഹസ്തദാനത്തിനു മടിച്ച യുക്രെയ്ൻ താരത്തിന് കൂക്കിവിളി
Sunday, May 28, 2023 10:50 PM IST
പാരീസ്: മത്സരശേഷം ബെലാറൂസിന്റെ അരിന സബലെങ്കയ്ക്കു കൈ നൽകാതെ മടങ്ങിയ യുക്രെയ്ൻ താരം മാർത്ത കോസ്ത്യൂക്കിന് ഫ്രഞ്ച് ഓപ്പൺ കാണികളുടെ കൂക്കിവിളി. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ട് മത്സരത്തിനു ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ.
മത്സരത്തിൽ യുക്രെയ്ൻ താരത്തെ സബസെങ്ക പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-2.
മത്സര ശേഷം നെറ്റിന് സമീപത്തേക്ക് എത്തി എതിരാളിക്ക് കൈ നൽകുന്നതിനു പകരം കോസ്ത്യൂക് ചെയർ അമ്പയറുടെ അടുത്തേക്കുപോയി. അന്പയർക്ക് കൈ നൽകിയ ശേഷം സബലെങ്കയെ നോക്കുകപോലും ചെയ്യാതെ യുക്രെയ്ൻ താരം മടങ്ങി. ഇതോടെയാണ് കാണികൾ കൂകിവിളിച്ചത്. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസ് താരത്തോട് റഷ്യൻ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു യുക്രെയ്ൻ താരം നീരസം പ്രകടിപ്പിച്ചത്.
തന്നെയാണ് കാണികൾ കൂവുന്നതെന്നായിരുന്നു സബലെങ്ക ആദ്യം കരുതിയത്. അവർ കാണികളോട് ചോദിക്കുകയും ചെയ്തു. എന്നാൽ കോസ്ത്യൂക്കിനാണ് കൂവലെന്ന് പിന്നീട് സബലെങ്കയ്ക്കു മനസിലായി.