ആസാമില്‍ റോഡപകടത്തില്‍ ഏഴ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
Monday, May 29, 2023 12:04 PM IST
ഗോഹത്തി: ഗോഹത്തിയിലെ ജലുക്ബാരി മേഖലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ആസാം എന്‍ജീനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മുറിച്ചുകടന്ന് എതിര് പാതയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.
10 വിദ്യാര്‍ഥികള്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. ഏഴുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെയും പിക്കപ്പിലുണ്ടായിരുന്ന മൂന്നുപേരെയും ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുവാഹത്തിയില്‍ നിന്നുള്ള അരിന്ദം ഭല്ലാല്‍, ഗോലാഘട്ടില്‍ നിന്നുള്ള നിയോര്‍ ദേക, ചാരൈഡിയോയില്‍ നിന്നുള്ള കൗശിക് മോഹന്‍, നാഗോനില് നിന്നുള്ള ഉപാംഗ്ഷു ശര്‍മ, മജുലിയില്‍ നിന്നുള്ള രാജ്കിരണ് ഭൂയാന്‍, ദിബ്രുഗഡില്‍ നിന്നുള്ള എമോണ്‍ ഗയാന്‍, മംഗല്‍ദോയില്‍ നിന്നുള്ള കൗശിക് ബറുവ എന്നിവരാണ് മരിച്ചത്.
ജോര്‍ഹട്ടില്‍ നിന്നുള്ള അര്‍പന്‍ ഭുയാന്‍, അര്‍ണബ് ചക്രവര്‍ത്തി ബോംഗൈഗാവ്, ജോര്‍ഹട്ടില്‍ നിന്നുള്ള മൃണ്മോയ് ബോറ എന്നിവര്‍ക്കാണ്പരിക്കേറ്റത്.
കൂടാതെ പിക്കപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരിക്കേറ്റു. നാല്‍ബാരി സ്വദേശികളായ മുസമില്‍ ഹഖ്, യൂസഫ് അലി, ബാര്‍പേട്ടയില്‍ നിന്നുള്ള റജിബ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.