സ്പെയിൻ പാർലമെന്റ് പിരിച്ചുവിടും; തെരഞ്ഞെടുപ്പ് നേരത്തെയാക്കി സർക്കാർ
Monday, May 29, 2023 8:18 PM IST
മാഡ്രിഡ്: പ്രാദേശിക കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ച് സ്പാനിഷ് ഭരണകക്ഷി. പാർലമെന്റ് ഉടൻ പിരിച്ചുവിടുമെന്നും ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
ഞായറാഴ്ച പ്രഖ്യാപിച്ച പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി(പിഎസ്ഒഇ) വൻ തിരിച്ചടിയാണ് നേരിട്ടത്. മാഡ്രിഡ്, വലൻസിയ, ബാഴ്സലോണ, അറാഗോൺ മേഖലകളിലെ കൗൺസിലുകളിൽ വലതുപക്ഷ കക്ഷിയായ പിപ്പീൾസ് പാർട്ടിയാണ് ഭൂരിപക്ഷം നേടിയത്.
തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ ഹിതപരിശോധനയാണെന്നും സാഞ്ചസ് രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചത്.
ഡിസംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെ എത്തുന്നത് മൂലം പാർട്ടി അണികൾ ഉണരുമെന്നും സംഘടനാ സംവിധാനം ശക്തിപ്പെടുമെന്നും താൻ കരുതുന്നതായി സാഞ്ചസ് അറിയിച്ചു.