സായി വെടിക്കെട്ട്; ചെന്നൈയ്ക്ക് 215 റണ്‍സ് വിജയലക്ഷ്യം
Monday, May 29, 2023 10:14 PM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് കലാശക്കൊട്ടിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 215 റണ്‍സ് വിജയലക്ഷ്യം. സായി സുദർശനന്റെ വെടിക്കെട്ട് പ്രകടനമാണ് ഗുജറാത്തിനെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റണ്‍സിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ഓപ്പണറുമാരായ വൃത്ഥിമാൻ സാഹയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഒരുക്കിയത്. ഇരുവരും ചേർന്ന് 67 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയത്തു. 20 പന്തിൽ 39 റണ്‍സെടുത്ത ഗില്ലിനെയാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്.
ഗില്ലിനു പിന്നാലെ കളത്തിലെത്തിയ സായി സുദർശനെ ഒപ്പം ചേർത്ത് സാഹ സ്കോർ 131-ൽ എത്തിച്ച് മടങ്ങി. 39 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 54 റണ്‍സായിരുന്നു സാഹയുടെ സന്പാദ്യം.
സാഹയ്ക്കു പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യ കളത്തിലെത്തി. ഇതോടെ സായി സുദർശൻ വെടിക്കെട്ടിന് തീകൊളുത്തി. 47 പന്തിൽ ആറ് സിക്സും എട്ട് ഫോറും ഉൾപ്പെടെ 96 റണ്‍സാണ് സായി അടിച്ചെടുത്ത്. 19.3-ാം ഓവറിൽ സായി മടങ്ങുന്പോൾ ഗുജറാത്ത് 212 റണ്‍സിലെത്തിയിരുന്നു. ഹാർദിക് പാണ്ഡ്യ 12 പന്തിൽ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി മതീഷ പതിരണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.