അരിക്കൊമ്പനെ കേരളത്തിന് കൈമാറണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സാബു ജേക്കബ്
Tuesday, May 30, 2023 7:16 PM IST
കൊച്ചി: അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബാണ് ഹര്‍ജി നല്‍കിയത്.
ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നൽകണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട് സര്‍ക്കാരിനെയും എതിര് കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കാന്‍ കഴിയൂ.
വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.