തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്ന കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതമെന്നായിരുന്നു ഹർജി. എന്നാൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന ആരോപണം അല്ലാതെ അത് തെളിയിക്കുന്ന ഒരു രേഖ പോലും ഹർജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ല. ഹർജിയിലെ ആക്ഷേപങ്ങൾ അഴിമതി നിരോധന വകുപ്പ് അനുസരിച്ച് പരിഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശിപാർശ ചെയ്തിട്ടാണെന്നും ഇതു സത്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് പരാതിക്കാധാരം.

അതേസമയം, ഹൈക്കോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നായിരുന്നു സർക്കാർ നിലപാട്. വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്നും വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.