വെനീസ് കനാൽ "പച്ചപിടിച്ചതിന്റെ' കാരണം പുറത്ത്..!
Tuesday, May 30, 2023 10:46 PM IST
റോം: ലോകപ്രശസ്തമായ വെനീസ് കനാൽ ശൃംഖലയിലെ വെള്ളം ഇളംപച്ച നിറത്തിലായതിന്റെ കാരണം കണ്ടെത്തി അധികൃതർ. കനാൽ "പച്ചപിടിച്ചതിന്' പിന്നിൽ പരിസ്ഥിതിവാദികളുടെ പ്രതിഷേധമാണെന്നും അതല്ല കാലാവസ്ഥാ മാറ്റം മൂലമാണെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അധികൃതർ സംഭവത്തിന്റെ ചുരുളഴിച്ചത്.
അഴുക്കുചാലുകളിലും മലിനജല കനാലുകളിലുമുള്ള വെള്ളം പരിശോധിക്കാനായി ഉപയോഗിക്കുന്ന ഫ്ലൂറസിൻ എന്ന രാസപദാർഥം മൂലമാണ് വെനീസ് കനാലിലെ വെള്ളം പച്ചനിറത്തിലായതെന്ന് അധികൃതർ അറിയിച്ചു.
ഫ്ലൂറസിൻ അപകടം സൃഷ്ടിക്കാത്ത വിഷരഹിതമായ രാസപദാർഥമാണെന്നും സംഭവത്തിന് പിന്നിൽ ഏതെങ്കിലും പ്രതിഷേധ സംഘടനകൾ ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ എങ്ങനെയാണ് ഫ്ലൂറസിൻ വെള്ളത്തിൽ കലർന്നതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച രാവിലെയാണ് പതിവ് മരതകനീല നിറത്തിന് പകരം വെള്ളത്തിന് പച്ചനിറം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വെള്ളത്തിന്റെ സാംപിളുകൾ വിദഗ്ധർ ശേഖരിച്ചിരുന്നു.
ഇത് രണ്ടാം വട്ടമാണ് വെനീസ് കനാലിൽ പച്ചനിറം കലരുന്നത്. 1968-ലെ വെനീസ് ബിനാലെയുടെ പ്രചരണാർഥം നിക്കൊളാസ് ഗാർഷ്യ ഉറിബുറു എന്ന ആർടിസ്റ്റ് കനാലിൽ ഫ്ലൂറസന്റ് നിറത്തിലുള്ള പെയിന്റ് കലർത്തിയിരുന്നു.