മൊബൈൽ ഫോൺ കണ്ടെത്താൻ റിസർവോയർ വറ്റിച്ച ഉദ്യോഗസ്ഥന് 53,000 രൂപ പിഴ
Tuesday, May 30, 2023 7:40 PM IST
റായ്പുര്‍: റിസര്‍വോയറില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ 42 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിഴ. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഓഫീസറായ രാജേഷ് വിശ്വാസിനാണ് 53,000 രൂപ പിഴ ചുമത്തിയത്.
കഴിഞ്ഞ് ഞായറാഴ്ച അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഖേര്‍കട്ട അണക്കെട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. സെല്‍ഫി എടുക്കുന്നതിനിടയില്‍ രാജേഷിന്റെ ഒരുലക്ഷം രൂപ വിലയുള്ള ഫോണ്‍ വെള്ളത്തില്‍ പോവുകയായിരുന്നു.
15 അടി താഴ്ചയുള്ള ഇടത്താണ് ഫോണ്‍ വീണത്. നാട്ടുകാരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായം ഇയാള്‍ തേടി. എങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.
പിന്നാലെ തന്റെ മൊബൈല്‍ ഫോണില്‍ ഓഫീസ് സംബന്ധമായ രേഖകള്‍ ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ വെള്ളം വറ്റിക്കാനായി ഉദ്യോഗസ്ഥരെ സമീപിച്ചു. വെള്ളം കുറച്ച് വറ്റിക്കാന്‍ അവര്‍ വാക്കാല്‍ അനുമതി കൊടുത്തു.
എന്നാല്‍ ഇത് മുതലെടുത്ത രാജേഷ് 42 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചു. മൂന്നു ദിവസമെടുത്താണ് ഇത്രയും വെള്ളം ഒഴുക്കികളഞ്ഞത്. വേനല്‍ക്കാലത്ത് കര്‍ഷകരും പക്ഷികളും മൃഗങ്ങളും ആശ്രയിക്കുന്ന റിസര്‍വോയര്‍ ആണ് ഇയാള്‍ വറ്റിച്ചത്.
സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ രാജേഷിനെ സസ്പെന്‍ഡ് ചെയ്തു. ഇയാളുടെ ഫോണ്‍ റിസര്‍വോയറില്‍ നിന്ന് ലഭിച്ചെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നു.