ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ
Tuesday, May 30, 2023 9:44 PM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ എം. അരുണ്‍ (30) ആണ് അറസ്റ്റിലായത്.
അരുൺ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് എസ്ടി പ്രമോട്ടര്‍മാരെ കബളിപ്പിക്കുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തിരുന്നു.
ജോലി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി, ഷെഡ്യൂള്‍ഡ് ട്രൈബ് സേവന കേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വ്യാജ ഐഡി കാര്‍ഡും, ഓഫീസ് സീലും, യൂണിഫോമും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാള്‍ 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസുണ്ട്.
പുനലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും, സീലും നിര്‍മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും, തിരുവനന്തപുരം പേട്ടയില്‍ 2020 -ല്‍ ആന ചികിത്സകന് എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസുമുണ്ട്. ഇയാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണെന്ന വ്യാജേനെ കൂടുതല്‍ പേരെ കബളിപ്പിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.