പിഎഫ്ഐ കേസ്: കേരളത്തില്‍ അഞ്ചിടത്ത് എന്‍ഐഎ പരിശോധന
Wednesday, May 31, 2023 3:08 PM IST
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ചിറയിന്‍കീഴ്, നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേശ്വരം അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
കൊണ്ടോട്ടിയില്‍ നടന്ന റെയ്ഡില്‍ പിഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയതായാണ് വിവരം. നിലമ്പൂരില്‍ നടന്ന റെയ്ഡിൽ ചന്തക്കുന്ന് സ്വദേശി ശരീഫിന്റെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു.
കേരളം, ബിഹാര്‍, കര്‍ണാടക സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. ബിഹാറിലെ പുല്‍വാരി ഷെറീഫില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ നേരത്തെ നാല് പേര് അറസ്റ്റിലായിരുന്നു.
ഇവര്‍ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുമായി ചേര്‍ന്ന് രാജ്യത്ത് പലയിടത്തും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.