എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രെയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു
Thursday, June 1, 2023 11:30 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രെയിനിനു തന്നെയാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിലാണ് തീപിടിത്തമുണ്ടായത്. എലത്തൂരിൽ ഷാരുഖ് സെയ്ഫി തീയിട്ടതും ഇതേ ട്രെയിനിലാണ്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ട്രെയിന്റെ പിന്നിൽനിന്നും മൂന്നാമത്തെ ജനറൽ കോച്ചിലാണ് തീപിടിച്ചത്.
രാത്രി 11.45നാണ് ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചത്. എട്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ പോലീസ് അറിയിച്ചു.