കണ്ണൂരില്‍ കത്തിയ കോച്ച് ഇന്ധന സംഭരണിക്ക് തൊട്ടടുത്ത്; ഒഴിവായത് വന്‍ ദുരന്തം
Thursday, June 1, 2023 11:31 AM IST
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അഗ്നിക്കിരയായ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമാണ് ഉണ്ടായിരുന്നത്. തീ പെട്ടെന്ന് അണച്ചതിനാൽ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
എലത്തൂരില്‍ ഷാറൂഖ് സെയ്ഫി ആക്രമണം നടത്തിയ അതേ ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു.
കാനുമായി ഒരാള്‍ ബോഗിക്ക് സമീപത്തേക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയിലാണ്. ഇതുവഴി ഇന്ധനമൊഴിച്ച് തീയിട്ടതാകാമെന്നാണ് നിഗമനം.