ബംഗളൂരു: കർണാടകയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഭോഗാപുര ഗ്രാമത്തിലെ മൈതാനത്താണ് വിമാനം തകർന്നുവീണത്.

അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം, കർണാടകയിലെ ബെലഗാവിയിൽ സംബ്ര വിമാനത്താവളത്തിന് സമീപം രണ്ടു സീറ്റുകളുള്ള സ്വകാര്യ പരിശീലന വിമാനം ഇടിച്ചിറക്കിയിരുന്നു.

സംബ്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഹൊന്നിഹാൾ ഗ്രാമത്തിലെ വയലിൽ വിമാനം ഇടിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് പരിക്കേറ്റു.