തോക്ക് വൃത്തിയാക്കാൻ മടി; വെടിവയ്ക്കാതെ ഉണ്ടയിട്ട വനിതാ പോലീസുകാർക്ക് എട്ടിന്റെ പണി
Thursday, June 1, 2023 9:48 PM IST
തിരുവനന്തപുരം: തോക്ക് വൃത്തിയാക്കാൻ മടി, ആചാര വെടിമുഴക്കാതെ ഉണ്ടയിട്ട വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് എട്ടിന്റെ പണി. ബുധനാഴ്ച പേരൂർക്കട എസ്എപി മൈതാനത്ത് നടന്ന ഡിജിപിമാരുടെ വിടവാങ്ങൽ പരേഡിലായിരുന്നു സംഭവം.
ആകാശത്തേയ്ക്ക് വെടിയുതിർത്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് യാത്രയയ്പ്പു നൽകാൻ ആറാം പ്ലാറ്റൂൺ ഉദ്യോഗസ്ഥർക്കായിരുന്നു ചുമതല നൽകിയിരുന്നത്. സംഘത്തിൽ 30 പേർ. ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിർക്കണം. എന്നാൽ സംഘത്തിലെ അഞ്ച് പേർ മാത്രമാണ് വെടിയുതിർത്തത്. മറ്റ് 25 പേരും വെടിവയ്ക്കാൻ തോക്ക് ഉയർത്തിയെങ്കിലും വെടിപൊട്ടിച്ചില്ല. കൂട്ട വെടിയൊച്ചയിൽ നൈസായി പണിപറ്റിക്കാമെന്നായിരുന്നു കരുതിയത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലെ ഉണ്ടയില്ലാ വെടി അന്ന് തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ ഇവർക്ക് നൽകിയ തിരകളിൽ നാലിൽ ഒന്നു പോലും ഉപയോഗിച്ചില്ലെന്ന് കണ്ടെത്തി.
ഇതോടെ ബറ്റാലിയൻ ഡിഐജി രാഹുൽ ആർ. നായർ ഇവർക്ക് ഫയറിംഗ് പരിശീലനം നൽകാൻ നിർദേശിച്ചു. പണി പരിശീലനത്തിന്റെ രൂപത്തിൽ കിട്ടയതിന്റെ ആഘാതത്തിലാണ് ആറാം പ്ലാറ്റൂൺ.
കൂട്ടത്തിൽ വെടിവയ്ക്കാതിരുന്നാൽ ആരും അറിയില്ലെന്നാണ് വനിത ഉദ്യോസ്ഥർ കരുതിയിരുന്നത്. വെടിയുതിർത്താൽ തോക്ക് വൃത്തിയാക്കേണ്ടി വരുമായിരുന്നു.