ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്ന് ടീം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.

"ഞങ്ങളുടെ ചാമ്പ്യൻ ഗുസ്തിക്കാർ ക്രൂരമായി മർദിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങളിൽ ഞങ്ങൾ വിഷമിക്കുകയും അസ്വസ്ഥരാകുകയും ചെയ്യുന്നു. അവർ കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകൾ ഗംഗാനദിയിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ച് ഞങ്ങൾ കൂടുതൽ ആശങ്കാകുലരാണ്.

ഈ വിഷയത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനം താരങ്ങൾ എടുക്കരുതെന്ന് അഭ്യർഥിക്കുന്നു. ബന്ധപ്പെട്ടവർ താരങ്ങളുടെ പരാതികൾ കേൾക്കുകയും വേഗത്തിൽ പരിഹരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം വിജയിക്കട്ടെ.- ടീം പ്രസ്താവനയിൽ അറിയിച്ചു.