ബ്രിജ് ഭൂഷണെ 10 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണം; സമരം പ്രഖ്യാപിച്ച് കർഷക നേതാക്കൾ
Friday, June 2, 2023 5:44 PM IST
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ ശരണ്‍ സിംഗിനെ 10 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കർഷകനേ താക്കൾ. അതല്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും കർഷകനേതാവ് രാകേഷ് ടികായത് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഏഴ് മുതൽ 10 ദിവസം വരെ സമയം നൽകുകയാണ്. അതിനുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും- കേന്ദ്ര സർക്കാരിന് കർഷക സംഘടന മുന്നറിയിപ്പ് നൽകി. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന ഖാപ് പഞ്ചായത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുസ്തിതാരങ്ങളുടെ പരാതി സർക്കാർ പരിഹരിക്കണം. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ ഗുസ്തിതാരങ്ങൾക്കൊപ്പം വരുന്ന വെള്ളിയാഴ്ച ജന്തർമന്ദിറിലും രാജ്യത്തുടനീളവും ഖാപ് പഞ്ചായത്തുകൾ സംഘടിപ്പിക്കും- രാകേഷ് ടികായത് പറഞ്ഞു.
ഗുസ്തിതാരങ്ങളുടെ പ്രശ്നം ബോധിപ്പിക്കുന്നതിന് ഖാപ് പ്രതിനിധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ നേരത്തെ തീരുമാനമായിരുന്നു. ഇന്നലെ നടന്ന ഖാപ് പഞ്ചായത്ത് വേദിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരണ്‍ സിംഗിന്റെ കോലം കത്തിച്ചു.