കണ്ണൂർ ട്രെയിൻ തീവയ്പ്: അന്വേഷണസംഘം കോൽക്കത്തയിൽ
Friday, June 2, 2023 6:01 PM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിക്കു തീവച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പശ്ചിമബംഗാളിലെ കോൽക്കത്തയിലെത്തി. ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോൽക്കത്തയിലെത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കോൽക്കത്തയിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കണ്ണൂരിലെത്തി യാത്ര അവസാനിപ്പിച്ച ട്രെയിൻ മൂന്നാം പ്ലാറ്റ് ഫോമിനു സമീപത്തെ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ ട്രെയിനിന്റെ കോച്ചിൽനിന്നു തീ ഉയരുന്നതു കണ്ട റെയിൽവേ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിച്ചു.
ട്രെയിനിന്റെ പിൻഭാഗത്ത് മൂന്നാമത്തെ ജനറൽ കോച്ചിനാണു തീയിട്ടത്. തീ മറ്റു കോച്ചുകളിലേക്കു പടരുന്നതിനു മുന്പ് അണയ്ക്കാനായതിനാലാണു ദുരന്തം ഒഴിവായത്. ഒരു ബോഗി പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കോഴിക്കോട് എലത്തൂരിൽ ഏപ്രിൽ രണ്ടിന് രാത്രി ഷാരൂഖ് സെയ്ഫി എന്നയാൾ കത്തിച്ച അതേ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലാണു വ്യാഴാഴ്ച പുലർച്ചെ തീയിട്ടത്.
ബിപിസിഎല്ലിന്റെ സിസി ടിവിയിൽനിന്നാണു പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആർപിഎഫും എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.