ബ്രിജ് ഭൂഷണിന്റെ അതിക്രമം മോദി രണ്ട് വർഷം മുൻപ് അറിഞ്ഞു; നടപടി ഉറപ്പും നൽകി
Friday, June 2, 2023 7:50 PM IST
ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിൽനിന്ന് വനിതാ ഗുസ്തി താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വർഷം മുൻപ് അറിഞ്ഞിരുന്നു.
പരാതിയിൽ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി എഫ്ഐആറിൽ പറയുന്നു. വനിതാ താരങ്ങൾ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ കണ്ട് പരാതി പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാനുള്ള ഒളിമ്പ്യന്മാരുടെ സംഘത്തില്‍ നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ്ഭൂഷണ് വെട്ടി.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇടപെട്ട് താരത്തെ വിളിച്ചു. ആ കൂടിക്കാഴ്ചയിലാണ് ഫെഡറേഷന് അധ്യക്ഷന്റെ ലൈംഗിക അതിക്രമങ്ങൾ മോദിയോട് നേരില്‍ പറഞ്ഞത്. കായികമന്ത്രാലയം ഇടപെടുമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്കി. എന്നാൽ നപടിയുണ്ടായില്ലെന്നു മാത്രമല്ല, ബ്രിജ് ഭൂഷൺ കൂടുതൽ ശക്തനായി അതിക്രമങ്ങൾ തുടർന്നു.
ഏപ്രിൽ 28ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണെതിരെ നടപടിയുണ്ടായിട്ടില്ല. കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളാണ് താരങ്ങൾക്കു നേരെ ബ്രിജ് ഭൂഷൺ നടത്തിയതെന്നാണ് എഫ്ഐആർ പറയുന്നത്.
വനിതാ താരങ്ങളുടെ ടീ ഷർട്ട് ഉയർത്തി മാറിടത്തിൽ തലോടിയെന്നും കടന്നുപിടിച്ചെന്നും താരങ്ങൾ നൽകിയ മൊഴിയിൽ പറയുന്നു. ലൈംഗിക താല്പര്യത്തോടെ ബ്രിജ് ഭൂഷണ് സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്തെന്നുമാണ് മുതിര്‍ന്ന കായികതാരത്തിന്റെ പരാതിയില്‍ പറയുന്നത്.
ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നുമാണ് മറ്റൊരു പരാതി. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരത്തിന് വേണ്ടി പിതാവ് സമര്‍പ്പിച്ച പരാതിയാണ് രണ്ടാമത്തെ എഫ്ഐആറിലുള്ളത്.
ചിത്രം എടുക്കാനെന്ന വ്യാജേനെ ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറയുന്നു.