ചോദ്യങ്ങളുണ്ട്, പക്ഷെ..; ഇന്നത്തെ ചാനൽ ചർച്ചകളിൽനിന്ന് വിട്ടുനിൽക്കുമെന്ന് കോൺഗ്രസ്
Saturday, June 3, 2023 11:25 PM IST
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് ടെലിവിഷൻ വാർത്താ ചാനലുകളുടെ ഇന്നത്തെ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു. ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നതായും ഖേര ട്വീറ്റ് ചെയ്തു.
ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എന്നാൽ ഇപ്പോൾ രക്ഷാപ്രവർത്തനവും ആശ്വാസ നടപടികളുമാണ് ആവശ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ചെയ്തു നൽകാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനകം ബാലസോറിൽ എത്തിയിട്ടുണ്ടെന്നും ഖാർഗെ പ്രസ്താവനയിൽ പറഞ്ഞു.