പോലീസുകാർക്ക് മർദനം; ബിജെപി എംപിക്കെതിരെ കേസ്
Sunday, June 4, 2023 2:23 PM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ പോലീസുകാരെ മര്‍ദിച്ച ബിജെപി എംപിക്കും അനുയായികള്‍ക്കുമെതിരെ കേസ്. കനൗജ് എംപിയായ സുബ്രത പഥക്കിനും 51 പേര്‍ക്കുമെതിരെയാണ് പോലീസ് കേസ്.
മൂന്ന് ഇന്‍സ്പെക്ടര്‍മാരെയും നാല് കോണ്‍സ്റ്റബിള്‍മാരെയും മര്‍ദിച്ചു പരിക്കേല്‍പ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഇവിടെ റെയ്ഡിനു വന്ന ഉന്നാവോ പോലീസിനെ സഹായിക്കണമെന്ന് മര്‍ദനമേറ്റ പോലീസുകാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അഞ്ച് പേരെ പിടികൂടുകയും ചെയ്തു.
അഞ്ചുപേരെയും പോലീസ് ഔട്ട്പോസ്റ്റിലേക്ക് കൊണ്ടുപോകുമ്പോൾ ഒരാൾ അവിടെയെത്തി എല്ലാവരെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, പോലീസ് അവരെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കസ്റ്റഡിയിലുണ്ടായിരുന്നവർ ക്ഷപെടാൻ ശ്രമിച്ചു.
ഇതിനിടെ അവരിൽ ഒരാൾ ബിജെപി നേതാവ് സുബ്രത പഥക്കിനെ വിളിക്കുകയും ഏകദേശം 15 മിനിറ്റിനുശേഷം എംപി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സചേത് പാണ്ഡെയുമായി സ്ഥലത്തെത്തി.
ഉടൻതന്നെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം പോലീസിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞ് മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസുകാർ എത്തിയപ്പോഴേക്കും എംപിയും മറ്റുള്ളവരും രക്ഷപെട്ടിരുന്നു.
സംഭവത്തിൽ നിരവധി വകുപ്പുകൾ ചുമത്തിയാണ് എംപിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.