യുപിഎ കാലത്തെ റെയിൽവേ മന്ത്രിമാർ ദുരന്തമായിരുന്നു: പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി
വെബ് ഡെസ്ക്
Sunday, June 4, 2023 4:13 PM IST
ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ പ്രതിപക്ഷത്തിനെതിരേ വിമർശനവുമായി ബിജെപി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
യുപിഎ കാലത്തെ റെയിൽവേ മന്ത്രിമാർ വൻ ദുരന്തമായിരുന്നു. ബിജെപി സർക്കാരാണ് റെയിൽവെയിൽ സുരക്ഷ മെച്ചപ്പെടുത്തിയത്. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കും പുതുക്കലിനും വേണ്ടി റിക്കാർഡ് വേഗത്തിൽ ജോലികൾ പൂർത്തിയാക്കിയത് ബിജെപി സർക്കാരാണെന്നും മാളവ്യ പറഞ്ഞു.
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ് നേരത്തേ രംഗത്തുവന്നിരുന്നു. റെയിൽവേ സുരക്ഷയിലുണ്ടായ വലിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം. അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണം. ദുരന്തങ്ങളുണ്ടായാൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെ പറ്റി മോദി പഠിക്കണമെന്നും പവൻ ഖേര പറഞ്ഞു.