ഒഡീഷ ദുരന്തം; ട്രെയിനുകൾ അമിതവേഗതയിലായിരുന്നില്ലെന്ന് റെയിൽവേ
Sunday, June 4, 2023 8:29 PM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തിൽ ട്രെയിനുകൾ അമിതവേഗതയിലായിരുന്നില്ലെന്ന് റെയിൽവേ. അപകട സമയം ട്രെയിനുകൾ അവയുടെ അനുവദനീയമായ വേഗതയിലായിരുന്നു. ട്രെയിനുകൾ അമിതവേഗതയിലായിരുന്നെന്ന ആരോപണം റെയിൽവേ ബോർഡ് തള്ളിക്കളഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 6.50നും 7.10നുമിടയിൽ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനുസമീപമായിരുന്നു അപകടം. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കൊപ്പം ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.
കോറമാണ്ഡൽ എക്സ്പ്രസിന് 130 മണിക്കൂറിൽ കിലോമീറ്റർ വേഗതയാണ് അനുവദനീയം. എന്നാൽ ഈ ട്രെയിൻ അപകടസമയം 128 കിലോമീറ്റർ വേഗതയിലായിരുന്നു. ബം ഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലായിരുന്നു- റെയിൽവേ ബോർഡ് അംഗം ജയവർമ സിൻഹ പറഞ്ഞു.
ഗ്രീൻ സിഗ്നൽ ലഭിച്ചതിനു ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. ലോക്കോ പൈലറ്റ് സിഗ്നൽ ലംഘിക്കുകയോ ട്രെയിൻ അമിത വേഗത്തിലോ ആയിരുന്നില്ല- സിൻഹ പറഞ്ഞു.