ഇതാണ് ദുരന്തം; ഒഡീഷ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ശ്രമം
Sunday, June 4, 2023 7:33 PM IST
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ്. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ അപവാദപ്രചരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അപകട സ്ഥലത്തിനു തൊട്ടടുത്ത് മോസ്കാണെന്നും അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നുമാണ് വ്യാജ പ്രചരണം.
അപകട സ്ഥലത്തിന്റെ ഡ്രോൺ ചിത്രം പങ്കുവച്ചാണ് ട്വിറ്ററിലൂടെ വർഗീയ വിഷം ചീറ്റുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് പോലീസ് രംഗത്തെത്തിയത്. എന്നാൽ ചില വെബ്സൈറ്റുകൾ നടത്തിയ വസ്തുതാ പരിശോധനയിൽ അപകട സ്ഥലത്തിനു സമീപമായി ചിത്രത്തിലുള്ളത് ക്ഷേത്രമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലസോറിലെ ദാരുണമായ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ചും മറ്റ് എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇത്തരം തെറ്റായതും ദുരുദ്ദേശ്യപരവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർഥിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.