""ഒഡീഷ ദുരന്തത്തിലെ സിബിഐ അന്വേഷണം കണ്ണിൽ പൊടിയിടാൻ''; പ്രധാനമന്ത്രിക്ക് ഖാര്‍ഗെയുടെ കത്ത്
Monday, June 5, 2023 3:56 PM IST
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഒഡീഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയ്ക്ക് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഖാര്‍ഗെ വിമര്‍ശിച്ചു.
കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ഏജന്‍സിയാണ് സിബിഐ. റെയില്‍വേയിലെ സാങ്കേതികമായ കാര്യങ്ങളില്‍ സിബിഐക്ക് വൈദഗ്ധ്യമില്ലെന്നിരിക്കെ എങ്ങനെ അന്വേഷണം നടത്തുമെന്നും ഖാര്‍ഗെ ചോദിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷമാണിതെന്നും ഖാർഗെ വ്യക്തമാക്കി.
ട്രെയിന്‍ ഗതാഗതത്തില്‍ എന്തെങ്കിലും സുരക്ഷാപ്രശ്നമുണ്ടെന്ന് സമ്മതിക്കാന്‍ പ്രധാനമന്ത്രിയോ റെയില്‍വേ മന്ത്രിയോ തയാറാകുന്നില്ല. ഒഡീഷ ദുരന്തം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ലോക്കോ പൈലറ്റുമാരുടേതടക്കം ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.