സിപിഎമ്മിൽ വിഭാഗീയത; പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നോട്ടീസ്
Monday, June 5, 2023 5:51 PM IST
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം വിഭാഗീയതയിൽ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്ഥാന നേതൃത്വം. പി.പി. ചിത്തരഞ്ജൻ എംഎൽഎ അടക്കം നേതാക്കൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നോട്ടീസ് നൽകി.
നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പിൽപ്പെട്ടവർക്ക് നോട്ടീസയച്ചത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്ന് ഏരിയ സെക്രട്ടറിമാരും കുറ്റാരോപിതരിൽ ഉൾപ്പെടുന്നു. ഈ മാസം പത്തിനു മുൻപ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. വിഭാഗീയതയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.