പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്നങ്ങൾ മറികടക്കണം: മുഖ്യമന്ത്രി
Monday, June 5, 2023 8:00 PM IST
തിരുവനന്തപുരം: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
2040 ഓടെ പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ചാണു സംസ്ഥാനം പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
200 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണു പ്രതിവർഷം ലോകത്തു നിർമിക്കപ്പെടുന്നത്. ഇതിൽ 20 ശതമാനം മാത്രമേ പുനഃചംക്രമണത്തിനു വിധേയമാകുന്നുള്ളൂ. ബാക്കി ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്നു.
കരയിലും ജലാശയങ്ങളിലുമെല്ലാം വലിയ തോതിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റീസ്ഫിയർ എന്ന ആവാസ വ്യവസ്ഥതന്നെ സമുദ്രത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ പ്രതിവർഷം ആറു ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണു കണക്ക്.
480 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളം പ്രതിദിനം പുറന്തള്ളുന്നു. ദേശീയതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതു ചെറുതാണെങ്കിലും ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം വഴി 30 ശതമാനവും പുനഃചംക്രമണത്തിലൂടെ 20 ശതമാനവും ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ 17 ശതമാനവും മലിനീകരണ തോത് കുറയ്ക്കാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്.
ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തു നല്ല രീതിയിൽ നടപ്പാക്കുന്നുണ്ട്. പുനഃചംക്രമണം ചെയ്യാനാകാത്തതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്നതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് 2019ൽ നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു ശാസ്ത്രീയമായി നിർമാർജനംചെയ്യുന്ന, ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.