ബ്രിജ് ഭൂഷണിനെതിരായ പരാതി; അമിത് ഷായുടേത് തണുപ്പൻ പ്രതികരണമെന്ന് ഗുസ്തി താരങ്ങൾ
Monday, June 5, 2023 10:59 PM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് ആശാവഹമായ മറുപടി ലഭിച്ചില്ലെന്ന് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷൺ സിംഗിനെതി നടപടി ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് താരങ്ങൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ ഈ കൂടിക്കാഴ്ചയിൽ തങ്ങൾ ആഗ്രഹിച്ച പ്രതികരണമായിരുന്നില്ല ലഭിച്ചതെന്ന് ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവ്രത് കാദിയാൻ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘമാണ് ശനിയാഴ്ച വൈകുന്നേരം അമിത് ഷായെ കണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി നടത്തിയ പ്രതികരണം.
ആഭ്യന്തര മന്ത്രിയിൽ നിന്ന് ആഗ്രഹിച്ച പ്രതികരണം ലഭിക്കാത്തതിനാൽ തങ്ങൾ യോഗത്തിൽ നിന്ന് പുറത്തിറങ്ങി. പ്രതിഷേധത്തിന്റെ ഭാവി തീരുമാനിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. തങ്ങൾ പിന്നോട്ട് പോകില്ലെന്നും സത്യവ്രത് കാദിയൻ പറഞ്ഞു.