ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ അന്വേഷണം ഫലംകാണില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി
Monday, June 5, 2023 10:59 PM IST
കോൽക്കത്ത: ഒഡീഷ ട്രെയിൻ ദുരന്തം സംബന്ധിച്ച സിബിഐ അന്വേഷണം ഫലംകാണില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
12 വർഷം മുൻപ് ജ്ഞാനേശ്വരി എക്സ്പ്രസ് അപകടം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. സൈന്ത്യ ട്രെയിൻ അപകട കേസും സിബിഐക്ക് കൈമാറിയെങ്കിലും ഫലമില്ലായിരുന്നു.സിബിഐ ക്രിമിനൽ കേസുകളാണ് കൈകാര്യം ചെയ്യുന്നത്.
ഇതൊരു അപകടമാണ്. അതിന് ഇവിടെ റെയിൽവേ സുരക്ഷാ കമ്മീഷൻ ഉണ്ട്. അവരാണ് ആദ്യം അന്വേഷിക്കേണ്ടിയിരുന്നത്. ആളുകൾ സത്യം അറിയണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. സത്യത്തെ അടിച്ചമർത്താനുള്ള സമയമല്ല ഇത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവരെയും കുറിച്ച് ചിന്തിക്കണമെന്നും മമത ആവശ്യപ്പെട്ടു.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഇനിയുമുണ്ടെന്നും അവ തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. നിരവധി മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തനിക്കറിയാവുന്നിടത്തോളം 120 മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ കിടക്കുന്നു. അവർ ആദ്യം ഇവ കണ്ടെത്തെട്ടെയെന്നും മമത പറഞ്ഞു.