റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ​യി​ല്‍ ഡ​ല്‍​ഹി-​ഭു​വ​നേ​ശ്വ​ര്‍ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് വ​ന്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചിനാ​ണ് സം​ഭ​വം.

ഭോ​ജു​ദി​ഹ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സ​ന്താ​ല്‍​ഡി​ഹ് റെ​യി​ല്‍​വേ ക്രോ​സി​നു സ​മീ​പമാണ് അപകടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്രാ​ക്ട​ര്‍ ഗേ​റ്റ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ട്രാ​ക്കി​ല്‍ കു​ടു​ങ്ങുകയായിരുന്നു. ട്രാ​ക്ട​ര്‍ ഡ്രൈ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഈ ​സ​മ​യ​മാ​ണ് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സ് എ​ത്തി​യ​ത്. എ​ന്നാ​ല്‍ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​ക്കോ പൈ​ല​റ്റ് ബ്രേ​ക്കി​ട്ട് നി​ര്‍​ത്തി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ട്രെ​യി​നി​ന് യാ​ത്ര തു​ട​രാ​നാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ട്രാ​ക്റ്റ​ര്‍ പി​ന്നീ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഗേ​റ്റ് കീ​പ്പ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി റ​യി​ല്‍​വേ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍ ജി​ല്ല​യി​ലെ ബ​ഹ​നാ​ഗ ബ​സാ​ര്‍ സ്റ്റേ​ഷ​നി​ൽ വൻ ട്രെ​യി​നപകടം ഉണ്ടായത്. ബം​ഗ​ളൂ​രു-​ഹൗ​റ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സും ഷാ​ലി​മാ​ര്‍-​ചെ​ന്നൈ സെ​ന്‍​ട്ര​ലും ചരക്ക് ട്രെ​യി​നും കൂട്ടിയിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 288 പേ​ര്‍ മ​രി​ക്കു​ക​യും 1,100 ൽ അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തിരുന്നു.