ലക്നോ കോടതിയിൽ വെടിവയ്പ്; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു
Wednesday, June 7, 2023 8:13 PM IST
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ കോടതിക്കുള്ളിൽ നടന്ന വെടിവയ്പിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. സഞ്ജീവ് ജീവയാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെടിവയ്പിൽ പോലീസുകാർക്കും ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു.
ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ മുക്താർ അൻസാരിയുടെ കൂട്ടാളിയാണ് കൊല്ലപ്പെട്ട സഞ്ജീവ്. ബിജെപി എംഎൽഎ ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുക്താർ അൻസാരിയും സഞ്ജീവ് ജീവയും.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സഞ്ജീവ് ജീവയെ ഒരു ക്രിമിനൽ കേസിൽ വാദം കേൾക്കുന്നതിനായാണ് കോടയിലെത്തിച്ചത്.
അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമിസംഘമാണ് സഞ്ജീവിനുനേരെ വെടിയുതിർത്തത്. ഇതിനു പിന്നാലെ അക്രമിസംഘം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
വെടിവയ്പിൽ പരിക്കേറ്റ പോലീസ് കോണ്‍സ്റ്റബിളിനെ ലക്നോവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്നു ലക്നോ കോടതിൽ പോലീസ് സുരക്ഷ ശക്തമാക്കി.