അഭയാർഥികളെ മർദിച്ച ഇറ്റാലിയൻ പോലീസുകാർ അറസ്റ്റിൽ
Wednesday, June 7, 2023 10:58 PM IST
റോം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇറ്റലിയിലേക്ക് എത്തിയ അഭയാർഥികളെ അതിക്രൂരമായ മർദനത്തിന് ഇരയാക്കിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
വെറോണ മേഖലയിൽ ജോലി ചെയ്തിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ട് പേർക്കെതിരെ വംശീയവിദ്വേഷം പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
2022 ജൂലൈ മുതൽ 2023 മാർച്ച് വരെയാണ് പ്രതികൾ അഭയാർഥികൾക്ക് നേരെ അതിക്രമം നടത്തിയത്. നഗരത്തിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെയും അഭയാർഥികളെയും തെരഞ്ഞുപിടിച്ച് ഇവർ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു.
പൊതുസ്ഥലങ്ങളിൽ മൂത്രവിസർജനം നടത്താൻ അഭയാർഥികളെ നിർബന്ധിച്ച ശേഷം ഇത് ശരീരം ഉപയോഗിച്ച് വൃത്തിയാക്കാൻ നിർബന്ധിച്ചതുൾപ്പെടെയുള്ള ഹീനമായ കൃത്യങ്ങളും ഇവർ ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
പോലീസുകാരിൽ ഒരാൾ തന്റെ കാമുകിയോട് അഭയാർഥികളെ പീഡിപ്പിച്ച കാര്യങ്ങൾ അഭിമാനപൂർവം പറയുന്ന ശബ്ദശകലവും അന്വേഷണസംഘം കണ്ടെത്തി.