ഇന്ത്യൻ പാർലമെന്റിലെ അഖണ്ഡ ഭാരത ചിത്രം ഔദ്യോഗിക ഭൂപടമല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി
Wednesday, June 7, 2023 8:13 PM IST
കാഠ്മണ്ഡു: പുതുതായി നിർമിച്ച ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച അഖണ്ഡ ഭാരത ചിത്രം ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പൊളിറ്റിക്കൽ മാപ് അല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കുമാർ ദഹൽ.
അഖണ്ഡ ഭാരത ചിത്രത്തെപ്പറ്റി നേപ്പാൾ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ദഹൽ ഈ പ്രസ്താവന നടത്തിയത്. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളെ ഒരൊറ്റ അതിർത്തിക്കുള്ളിൽ ചിത്രീകരിക്കുന്ന അഖണ്ഡ ഭാരത ചിത്രം നേപ്പാളിൽ ഏറെ വിവാദമായിരുന്നു. നേപ്പാളിന്റെ സ്വതന്ത്ര സ്വത്വത്തെ ചോദ്യം ചെയ്യുന്നതാണ് ഇതെന്ന് വിമർശനമുയർന്നിരുന്നു.
ഇതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി ദഹൽ രംഗത്തെത്തിയത്. തന്റെ ഇന്ത്യ സന്ദർശനത്തിനിടെ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടെന്ന് ദഹൽ പറഞ്ഞു.
അഖണ്ഡ ഭാരതം എന്നത് ഒരു സാംസ്കാരിക ചിത്രീകരണം മാത്രമാണെന്നും അതൊരു ഔദ്യോഗിക ഭൂപടമായി ഇന്ത്യ കരുതുന്നില്ലെന്ന് തനിക്ക് മറുപടി ലഭിച്ചതായും ദഹൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് വേദികളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് അഖണ്ഡ ഭാരത ചിത്രീകരണം. കാവിക്കൊടിയുമായി നിൽക്കുന്ന ഭാരതമാതാവിന്റെ പശ്ചാത്തലത്തിൽ ഉപഭൂഖണ്ഡമാകെ ഒരൊറ്റ കരയായി ആണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ മറ്റൊരു രൂപമാണ് പാർലമെന്റിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.