ഹിമാചൽ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് മുടക്കിയത് 27 കോടി; ഗുജറാത്തിലെ ബിജെപി കണക്ക് അജ്ഞാതം
Wednesday, June 7, 2023 11:42 PM IST
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചെലവാക്കിയ തുക പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവുപട്ടികയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
ഹിമാചൽ പ്രദേശിലും ഗുജറാത്തിലുമായി കോൺഗ്രസ് ആകെ ചെലവിട്ടത് 130.64 കോടി രൂപയാണ്. ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുത്ത ഹിമാചലിൽ കോൺഗ്രസ് 27.02 കോടി രൂപ ചെലവിട്ടപ്പോൾ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഗുജറാത്തിൽ വെള്ളത്തിലായത് 103.62 കോടി രൂപയാണ്.
ഹിമാചൽ പ്രദേശിൽ 49 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. ഗുജറാത്തിൽ ചെലവാക്കിയതായി ബിജെപി വെളിപ്പെടുത്തിയ തുക കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.
ഹിമാചലിൽ 14.80 കോടി രൂപ, 2.74 കോടി രൂപ, 5.28 കോടി രൂപ എന്നീ തുകകൾ യഥാക്രമം സ്ഥാനാർഥികളുടെ പ്രചരണം, പരസ്യം, താരപ്രചാരകരുടെ ചെലവുകൾ എന്നിവയ്ക്കായി ആണ് കോൺഗ്രസ് ഉപയോഗിച്ചത്.
സ്ഥാനാർഥികളുടെ പ്രചരണം, പരസ്യം, താരപ്രചാരകരുടെ ചെലവുകൾ എന്നിവയ്ക്കായി യഥാക്രമം ബിജെപി ഹിമാചലിൽ 18.57 കോടി രൂപ, 8.5 കോടി രൂപ, 15.19 കോടി രൂപ എന്നീ തുകകൾ ആണ് ചെലവിട്ടത്.