ലുധിയാന വനിതാ ജയിലിൽ വിദേശി - സ്വദേശി സംഘർഷം; അഞ്ച് ആഫ്രിക്കൻ വംശജർക്കെതിരെ കേസ്
Friday, June 9, 2023 6:14 PM IST
അമൃത്സർ: പഞ്ചാബിലെ ലുധിയാന വനിതാ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് ആഫ്രിക്കൻ വംശജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ മർദനമേറ്റ നാല് ഇന്ത്യൻ തടവുകാർക്ക് പരിക്കേറ്റു.
നൈജീരിയൻ പൗരരായ മൊണാലിസ, ചിനോയെ, ഹോപ്, ടാൻസാനിയൻ സ്വദേശി ഡോറീൻ, വെസ്റ്റ്ലാൻഡ്സ് സ്വദേശി വിക്ടോറിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ലഹരിമരുന്ന് കേസുകളിൽ പിടിയിലായി തടവിൽ കഴിയുന്ന ഇവരും ഇന്ത്യക്കാരായ തടവുകാരും തമ്മിൽ ഏറെനാളായി തർക്കം നിലനിന്നിരുന്നു.
ഞായറാഴ്ച ജയിലിനുള്ളിൽ വച്ച് ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയിലേക്ക് വഴിമാറുകയായിരുന്നു. സംഘർഷം തടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പരിക്കേറ്റ ആരതി എന്ന തടവുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് വിദേശികളായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും ജയിൽ അധികാരികൾ വ്യക്തമാക്കി.