വൊറോണേഴ് നഗരത്തിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
Friday, June 9, 2023 7:05 PM IST
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിലെ വൊറോണേഴ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
നഗരത്തിലെ ബഹുനില പാർപ്പിടകെട്ടിടത്തിലേക്ക് യുക്രെയ്ൻ തൊടുത്ത ഡ്രോൺ ഇടിച്ചുകയറുകയായിരുന്നു. കെട്ടിടത്തിന്റെ ഭിത്തിയും ജനലുകളും ഭാഗികമായി തകർന്നു. ജനൽച്ചില്ലകൾ തുളച്ചുകയറിയാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
റഷ്യക്കെതിരായ ഡ്രോൺ ആക്രമണം യുക്രെയ്ൻ ശക്തമാക്കിയതിന്റെ തുടർച്ചയാണ് വൊറോണേഴിലെ സംഭവം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ റഷ്യൻ പട്ടണങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ തൊടുത്ത ഡ്രോണുകൾ പലതും ക്രെംലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിൽ എത്തിയിരുന്നു.