ഇന്ത്യ 296ന് പുറത്ത്; ഓസീസിന് 173 റണ്‍സ് ലീഡ്
Friday, June 9, 2023 8:01 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 173 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 296 റണ്‍സിന് ഓൾഔട്ടായി. നായകൻ പാറ്റ് കമ്മിൻസിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് ലീഡ് സമ്മാനിച്ചത്.
151ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ന് സ്കോർ ബോർഡ് ചലിപ്പിക്കും മുൻപെ ശ്രീകർ ഭരത് (5) പവലിയൻ കയറി. പിന്നീട് അജിങ്ക്യ രഹാനയും ശാർദൂൽ ഠാക്കൂറും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
129 പന്തിൽ 89 റണ്‍സെടുത്ത രഹാനെയാണ് പിന്നീട് ഇന്ത്യയ്ക്ക് നഷ്ടമായത്. തൊട്ടുപിന്നാലെ ഉമേഷ് യാദവും (5) മടങ്ങി. 109 പന്തിൽ 51 റണ്‍സെടുത്ത ശാർദുൽ ഠാക്കൂറിനെ ഗ്രീൻ വീഴ്ത്തിയതോടെ ഇന്ത്യൻ ചെറുത്തുനിൽപ്പ് അവസാനിച്ചു. മുഹമ്മദ് ഷമി 13 റണ്‍സും നേടി.
ഓസ്ട്രേലിയയ്ക്കായി കമ്മീൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്ക്, ബോലൻഡ്, ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.