മണിപ്പൂർ സംഘർഷം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സിബിഐ
Friday, June 9, 2023 8:09 PM IST
ഇംഫാൽ: മണിപ്പൂരിനെ അശാന്തിലാഴ്ത്തിയ സാമുദായിക സംഘർഷത്തെപ്പറ്റി വിശദമായി അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സിബിഐ.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന 10 അംഗ സംഘം സംസ്ഥാന സർക്കാർ നിർദേശിച്ച ആറ് കേസുകളിൽ വിശദമായ അന്വേഷണം നടത്തും. കലാപത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് ഈ കേസുകളെല്ലാം.
മണിപ്പൂർ സന്ദർശിച്ചതിന് പിന്നാലെ ഈ കേസുകളിൽ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തു. ഖോക്കൻ ഗ്രാമത്തിലുണ്ടായ അക്രമത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ സൈനിക വാഹനങ്ങൾക്ക് സമാനമായ വാഹനങ്ങളിലെത്തിയ അക്രമികൾ ഗ്രാമീണർക്ക് നേരെ നിറയൊഴിക്കുയായിരുന്നു.