ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
Friday, June 9, 2023 11:14 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ലീഡ് ഉയർത്തി ഓസ്ട്രേലിയ. മൂന്നാം ദിനം കളിനിർത്തുന്പോൾ ഓസ്ട്രേലിയയ്ക്ക് 296 റണ്‍സിന്റെ ലീഡായി. രണ്ടാം ഇന്നിംഗ്സിൽ 123-4 എന്ന നിലയിലാണ് ഓസീസ്.
രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (1) ഓസീസിന് നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ഉസ്മാൻ ഖവാജയും (13) മടങ്ങി. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനും (34) ട്രാവിസ് ഹെഡിനും (18) ഇത്തവണ പിഴച്ചു. ജഡേജയ്ക്കായിരുന്നു ഇരുവരുടെയും വിക്കറ്റ്. 41 റണ്‍സുമായ മാർനസ് ലാബുഷെയ്നും ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിൽ.
ഇന്ത്യയ്ക്കായി ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ് 296 റണ്‍സിൽ അവസാനിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയ 173 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.