കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു; സതീശനെതിരേ പടയൊരുക്കം
Friday, June 9, 2023 11:11 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ ഗ്രൂപ്പ് തർക്കം വീണ്ടും ശക്തമാകുന്നു. ഔദ്യോഗിക നേതൃത്വത്തിനെതിരെ യോജിച്ചു പ്രവർത്തിക്കാൻ എ,ഐ ഗ്രൂപ്പുകളുടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വച്ചാണ് ഗ്രൂപ്പുകളുടെ നീക്കം.
ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിലുൾപ്പെടെയുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു.
ഗ്രൂപ്പ് യോഗങ്ങൾക്ക് ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുൻകൈയെടുത്ത് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് എത്തിയില്ല.
എ, ഐ വിഭാഗം നേതാക്കൾ തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ, രമേശ് ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ആശയവിനിമയം നടത്തിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ചേർന്ന ഐ ഗ്രൂപ്പിന്റെ വിശാല നേതൃയോഗത്തിൽ എ ഗ്രൂപ്പുമായി ചേർന്ന് ഔദ്യോഗികപക്ഷത്തിനെതിരേ യോജിച്ചു നീങ്ങാൻ തീരുമാനമായിരുന്നു. തുടർന്നാണ് സംയുക്ത യോഗം നടത്തിയത്.
മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കെ. സുധാകരൻ തയാറാണെങ്കിലും സതീശൻ വഴങ്ങുന്നില്ല എന്നാണ് ഗ്രൂപ്പുകളുടെ പരാതി. സുധാകരൻ നിസഹായത പ്രകടിപ്പിക്കുകയാണെന്നും ഹൈക്കമാൻഡ് ഇടപെടാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നുമാണ് ഗ്രൂപ്പുകളുടെ പക്ഷം.