ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.

"ഗോഡ്സെ ഗാന്ധിയുടെ ഘാതകനാണെങ്കിലും ഇന്ത്യയുടെ ഉത്തമപുത്രനാണ്. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്. ഔറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശക്കാരനായിരുന്നില്ല. ബാബറിന്‍റെ മകൻ എന്ന് വിളിക്കപ്പെടുന്നതിൽ ആർക്കെങ്കിലും സന്തോഷം തോന്നുന്നെങ്കിൽ, ആ വ്യക്തിക്ക് ഭാരതമാതാവിന്‍റെ പുത്രനാകാൻ കഴിയില്ല'- ഗിരിരാജ് സിംഗ് പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് രംഗത്തുവന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനെയാണ് കേന്ദ്രമന്ത്രി പ്രകീർത്തിച്ചതെന്ന് കോൺഗ്രസ് നേതാവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.