സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും സിപിഎമ്മിലേക്ക്
സ്വന്തം ലേഖകൻ
Saturday, June 10, 2023 1:07 PM IST
കൊച്ചി: നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി എത്തിയാലുടൻ പാർട്ടി പ്രവേശനമുണ്ടാകുമെന്നും അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു.
തനിക്ക് വളരെ ഇഷ്ടമുള്ള നേതാവാണ് പിണറായി വിജയൻ. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. കൂടെ നിന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.
മുഖ്യമന്ത്രി നാട്ടിലെത്തിയാൽ ഉടൻ അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം സിപിഎം പാർട്ടി ഓഫീസിലെത്തുമെന്നും അവിടെ വച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ഭീമൻ രഘു പറഞ്ഞു.
സംവിധായകൻ രാജസേനനും അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി രാജസേനൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.