എനിക്കെതിരേ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ നേതാക്കള്‍: സതീശന്
Saturday, June 10, 2023 7:28 PM IST
കൊച്ചി: കോണ്‍ഗ്രസിലെ ബ്ലോക്ക് പുനഃസംഘടനാ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തികച്ചും ജനാധിപത്യപരമായാണ് പുനഃസംഘടന നടന്നത്. ഇതില്‍ പരാതിയുടെ കാര്യം എന്തിനാണെന്ന് അറിയില്ലെന്ന് സതീശന് പ്രതികരിച്ചു.
താന്‍ സ്വന്തം പേരില്‍ ആരെയും എടുത്തിട്ടില്ലെന്നും സതീശന് പറഞ്ഞു. തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണ്. അവര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സര്‍വസന്നാഹങ്ങളും ഒരുക്കി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. ഈ സമയത്ത് ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് ഗ്രൂപ്പുകള്‍ ആത്മപരിശോധന നടത്തണമെന്നും സതീശന് പറഞ്ഞു.
ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചതിനേതുടര്‍ന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ നിരാശ ബാധിച്ച സമയത്താണ് തങ്ങള്‍ നേതൃത്വം ഏറ്റെടുത്തത്. പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലുള്ളത്. ആരുമായും വഴക്കിടാന്‍ താനില്ലെന്നും സതീശന് പറഞ്ഞു.