പരാതി പറയാനെത്തിയ കുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച അധ്യാപകനെതിരേ കേസെടുത്തു
Saturday, June 10, 2023 7:52 PM IST
കാസര്‍ഗോഡ്: വൈറല്‍ വീഡിയോക്ക് വേണ്ടി കുട്ടികളുടെ നിഷ്കളങ്കതയെ മുതലെടുക്കുന്ന അധ്യാപകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസമാണ് കാസര്‍ഗോഡ് ഉപജില്ലയിലെ ഒരു ഗവ.എല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി അധ്യാപകനോട് പരാതി പറയുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ മറ്റൊരു കുട്ടി ഉപദ്രവിച്ചെന്ന രീതിയിലായിരുന്നു പരാതി. അധ്യാപകന് തന്നെ ചിത്രീകരിച്ച ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതിനേത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് അധ്യാപകനെതിരെ കേസെടുത്തു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. സ്കൂള്‍ മുഖ്യാധ്യാപകന്‍, എഇഒ, ഡിഇഒ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.
മുമ്പ് ചെറുവത്തൂരിലെ ഒരു സ്കൂളിലും സമാനമായ സംഭവമുണ്ടായിരുന്നു. തന്റെ ബോക്സ് മറ്റൊരു കുട്ടി നശിപ്പിച്ചെന്ന പരാതിയാണ് അന്ന് ഒരു അധ്യാപകന് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും വിവാദമായതും.
അടുത്തിടെ മലപ്പുറത്ത് പരീക്ഷ പേപ്പറില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതില്ലെന്ന നാലാംക്ലാസ് വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളില്‍ ഒരു അധ്യാപകന് പ്രചരിപ്പിച്ചിരുന്നു.